'ഗോപാലകൃഷ്‌ണൻ്റെ വാദങ്ങൾ തെറ്റ്, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ല'; പി കെ ശ്രീമതി

ഖേദപ്രകടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി കെ ശ്രീമതി. ബിജെപി നേതാവ് ഗോപാലകൃഷ്‌ണൻ്റെ വാദങ്ങൾ തെറ്റാണെന്ന് പി കെ ശ്രീമതി പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.

പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞത് തന്‍റെ ഔദാര്യമെന്നായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. ഖേദപ്രകടനം പികെ ശ്രീമതിയുമായുള്ള ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായിരുന്നു. ചർച്ചയിൽ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്നും സ്ത്രീയുടെ കണ്ണീരിന് രാഷ്ട്രീയത്തെക്കാൾ വിലയുണ്ടെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. മാതൃകയാകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ഗോപാലകൃഷ്ണൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

അതേസമയം ബി ഗോപാലകൃഷ്ണനെതിരെ പികെ ശ്രീമതി നൽകിയ മാനനഷ്‌ട കേസ് ഇന്നലെയാണ് ഒത്തുതീർപ്പായത്. ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലായിരുന്നു തീരുമാനം. ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പായത്.

പികെ ശ്രീമതിയുടെ മകനെതിരെ അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താൻ ആക്ഷേപം ഉന്നയിച്ചതെന്ന് ബി ഗോപാലകൃഷ്ണൻ കോടതിയിൽ പറഞ്ഞു. പികെ ശ്രീമതിക്കുണ്ടായ മാനസിക വ്യഥയിൽ ഖേദം ഉണ്ടെന്നും ഗോപാലകൃഷ്ണൻ, തന്റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് തെളിഞ്ഞതായും പികെ ശ്രീമതി പ്രതികരിച്ചു. വസ്തുതകൾ മനസിലാക്കാതെയുള്ള അധിക്ഷേപം ഭൂഷണമല്ലെന്നും പികെ ശ്രീമതി ഓ‍ർമ്മിപ്പിച്ചു.

Read more