ഹൈക്കോടതി വടിയെടുത്തു, പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് കര്‍ശന നിര്‍ദേശം; കെഎസ്ആര്‍ടിസിക്ക് 30 കോടികൂടി അനുവദിച്ച് സര്‍ക്കാര്‍

ഓണത്തിന് മുന്നോടിയായി കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി അനുവദിച്ചു. ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാന്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്‍കുന്നുണ്ട്.

ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 688.43 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5970 കോടി രൂപയാണ് കോര്‍പ്പറേഷന് നല്‍കിയത്.
പെന്‍ഷന്‍ കാര്യത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് സര്‍ക്കാര്‍ അടിയന്തരമായി പണം അനുവദിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ സെപ്റ്റംബര്‍ മാസത്തിലെ പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പാലിക്കുമെന്ന് കോര്‍പ്പറേഷന്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റിലെ പെന്‍ഷന്‍ വിതരണം തുടങ്ങിയതായി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സിംഗിള്‍ ബെഞ്ചിനെ അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് ഫ്രണ്ട് അടക്കം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.