മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ കരസേനയുടെ സഹായം തേടി സർക്കാർ; പ്രത്യേകസംഘം രാത്രിയോടെ സ്ഥലത്തെത്തും

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരസേനയുടെ സഹായം തേടി. കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബംഗളൂരില്‍നിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിണ്‍ ഭാരത് ഏരിയ ലഫ്. ജനറല്‍ അരുണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പര്‍വ്വതാരോഹണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാര്‍ഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റര്‍ യാത്ര അസാധ്യമായതിനാലാണിത്.

ഹെലികോപ്റ്ററിന്റെ സഹായത്തോടെ യുവാവിനെ രക്ഷിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രക്ഷാപ്രവർത്തകരുടെ ശ്രമം വിഫലമാവുകയാണുണ്ടായത്. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ദൗത്യം പരാജയപ്പെട്ടത്.

കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണില്‍ നിന്ന് ഏഴരയോടെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് പര്‍വ്വതാരോഹരെയും സ്ഥലത്തെത്തിയിട്ടുണ്ട്. നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ എത്തിച്ച് യുവാവിന് ആവശ്യമായ വെള്ളവും ഭക്ഷണവും ഡ്രോണ്‍ വഴി എത്തിക്കാനുള്ള ശ്രമവും നടന്നിരുന്നു.

മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബുവാണ് കഴിഞ്ഞ ദിവസം കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കൾ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നൽകിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ബാബുവിന്റെ സുഹൃത്തുക്കൾ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.