സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി തുരുമ്പെടുക്കില്ല; 15 വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് വിറ്റഴിക്കാന്‍ തീരുമാനം

കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി ഓഫീസ് കോമ്പൗണ്ടുകളില്‍ കിടന്ന് തുരുമ്പെടുക്കില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിറ്റഴിക്കാനാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. 15 വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാകുന്നതോടെ നിലവില്‍ സര്‍ക്കാരിന് ബാധ്യതയാണ്.

ഇതോടെയാണ് വാഹനങ്ങള്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ലേലം ചെയ്ത് വില്‍ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ അഞ്ച് വര്‍ഷം കൂടി സ്വകാര്യ വ്യക്തികള്‍ക്ക് ഉപയോഗിക്കാം. വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമത കണക്കിലെടുത്ത് വീണ്ടും രജിസ്‌ട്രേഷന്‍ നേടാനും നിലവില്‍ അവസരമുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ 14 വര്‍ഷമെത്തുന്നതിന് മുന്‍പ് ലേലം ചെയ്യാനുള്ള നടപടികള്‍ ഓഫീസ് മേധാവി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിലവില്‍ 30 ലക്ഷത്തോളം വാഹനങ്ങളാണ് കേരളത്തില്‍ പൊളിക്കാനുള്ളത്. ഇത് കണക്കിലെടുത്ത് വാഹനം പൊളിക്കല്‍ ചട്ടങ്ങളില്‍ ഇളവ് വേണമെന്ന് കഴിഞ്ഞ മാസം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.