പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിനെ കുറിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ചീഫ് സെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരേന്ത്യയിലേക്ക് ഇന്ന് യാത്ര തിരിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ വിശദീകരണം നല്‍കിയത്. ഗവര്‍ണരുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം നടത്തിയിട്ടില്ല, ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല, ചട്ടലംഘനവും നടത്തിയിട്ടില്ല എന്നതാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന്റെ വിശദീകരണം ഏതെങ്കിലും തരത്തില്‍ സ്വീകാര്യമല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് തള്ളാന്‍ കഴിയും. ചട്ടലംഘനമുണ്ടായി എന്ന തന്റെ വാദത്തില്‍ അദ്ദേഹത്തിന് ഉറച്ചുനില്‍ക്കാന്‍ കഴിയും.
പൗരത്വ നിയമത്തിനെതിരെ തന്നോട് ചോദിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ഇന്നലെ ആവശ്യപ്പെട്ടത്.ഗവര്‍ണറുടെ വിശദീകരണത്തിന് നിയമവിദഗ്ദരുമായി ആലോചിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ മറുപടിയാണ് ഇന്ന് കൈമാറിയത്.
Read more
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിൽ മാത്രമല്ല തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസ് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിൽ അഭിപ്രായവ്യത്യാസം നിലവിലുണ്ട്. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസിൽ 20 ദിവസമായിട്ടും ഗവര്‍ണര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ, ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ . ബില്ലിന്‍റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകുകയും ചെയ്തിരുന്നു. മാത്രമല്ല ജനസംഖ്യാ രജിസ്റ്റരും പൗരത്വ രജിസ്റ്റരും കേരളത്തിൽ നടപ്പാക്കില്ലെന്ന നയപരമായ തീരുമാനവും മന്ത്രിസഭാ യോഗം കൈക്കൊണ്ടിരുന്നു.