'ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും'; രാജ്യാന്തര അവയവക്കടത്ത് കേസിലെ മുഖ്യകണ്ണിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചിയിലെ രാജ്യാന്തര അവയവക്കടത്ത് കേസിലെ മുഖ്യകണ്ണി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ നിലനിൽക്കുന്നത് ഗുരുതരമായ ആരോപണമെന്നും കോടതി വ്യക്തമാക്കി.

അവയക്കൈമാറ്റത്തിന് തയ്യാറായ ആളുകളെയും മുഖ്യപ്രതി സാബിത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് സജിത്ത് ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അവയവകടത്തിൽ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് സജിത്ത് ശ്യാമം ആണ്. ഗൂഡാലോചനയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

അതേസമയം അവയക്കടത്തിന് പിന്നിൽ വലിയ റാക്കറ്റുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷൻ ആരോപണം ശരിയെങ്കിൽ വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് അവയവ കടത്ത് റാക്കറ്റിലെ മുഖ്യകണ്ണിയായ സജിത് ശ്യാമിനെ പിടികൂടിയത്. ഹൈദരാബാദില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്.

സജിത് ശ്യാമിന് എട്ട് സംസ്ഥാനങ്ങളിൽ ഇടപാടുകളുണ്ടെന്ന നിർണായക കണ്ടെത്തൽ പുറത്ത് വന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലുള്ള അവയവ റാക്കറ്റുകൾക്ക് ഇരകളെ കണ്ടെത്തി നൽകിയിരുന്നത് ഇയാളാണ്. അവയവ ദാതാക്കളെ കണ്ടെത്തി ആദ്യം രക്തപരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കും. പിന്നീട് ഇരകളെ അവയവ റാക്കറ്റിന് കൈമാറുകയായിരുന്നു പതിവ്. വൃക്ക നൽകാൻ തയ്യാറുള്ളവരുടെ രക്തപരിശോധന നടത്തി മൃതസഞ്ജീവനി മാതൃകയിൽ ഡേറ്റാ ബേസ് തയ്യാറാക്കിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

കേസിൽ നേരത്തെ കൊച്ചിയിൽ നിന്നും മുഖ്യപ്രതി സബിത്ത് നാസർ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാൾ നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്.

തൃശ്ശൂർ വലപ്പാട് സ്വദേശിയാണ് സബിത്ത്. കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം പുറത്തുവന്നിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു.