ഗ്രീഷ്മ കുടിച്ചത് പൊലീസ് സ്റ്റേഷന്‍ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍; ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍

കാമുകനെ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ഗ്രീഷ്മ കുടിച്ചത് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ ആണെന്നാണ് സ്ഥിരീകരണം. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയിലല്ല നിലവില്‍ ഗ്രീഷ്മയെന്നാണ് പ്രാഥമിക വിവരം.

ഗ്രീഷ്മയെ മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ലൈസോള്‍ കുടിച്ചതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. കുടിച്ച ലൈസോളിന്റെ അളവ്, നേര്‍പ്പിച്ചാണോ കുടിച്ചത്, എന്നിവയെ ആശ്രയിച്ചിരിക്കും ആരോഗ്യ നിലയെന്നും വിദഗ്ദര്‍ പറയുന്നു.

ദേഹാസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷാരോണ്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. മൊഴിപ്രകാരം കൂടുതല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ് പൊലീസ്. അതേസമയം, ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കഷായത്തില്‍ കാപ്പിക് എന്ന കീടനാശിനി കലര്‍ത്തിയാണ് ഷാരോണെ കൊന്നതെന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലില്‍ ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തി. ഫോണിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററിയില്‍ കോപ്പര്‍ സള്‍ഫേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു.

Read more

ഇത് മുന്‍നിര്‍ത്തിയുള്ള ശാസ്ത്രീയ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരാളുമായി ഫെബ്രുവരിയില്‍ വിവാഹം നിശ്ചയിച്ചതിനാല്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം.