രക്ഷാദൗത്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല, നിയമലംഘനം നടന്നു; കരടി ചത്ത സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടിയുടെ രക്ഷാദൗത്യത്തില്‍ ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ജില്ലാ വനം വകുപ്പ് ഓഫിസര്‍. വെള്ളത്തില്‍ കിടക്കുന്ന വന്യമൃഗത്തെ പിടികൂടുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ല എന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട്.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥലത്തുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതേസമയം, മയക്കുവെടിയേറ്റ കരടി മുങ്ങിച്ചത്തതില്‍ വനം വകുപ്പിന് ഗുരുതര അനാസ്ഥ സംഭവിച്ചതായി നാട്ടുകാരും ആരോപിക്കുന്നുണ്ട്.

കിണറ്റില്‍ വീണപ്പോഴുണ്ടായ ആന്തരിക മുറിവുകളുണ്ടെങ്കിലും കരടിയുടേത് മുങ്ങിമരണം തന്നെയാണന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. വനംവകുപ്പിനെതിരെ പീപ്പിള്‍സ് ഫോര്‍ അനിമല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

മയക്കുവെടിയേറ്റ കരടി കിണറ്റില്‍ മുങ്ങിയതോടെയാണ് വെള്ളം വറ്റിക്കാന്‍ ആരംഭിച്ചത്. മുങ്ങി അമ്പത് മിനിറ്റിന് ശേഷമാണ് കരടിയെ കരക്ക് കയറ്റാനായത്. വെള്ളത്തില്‍ വെച്ച് മയക്കുവെടി വെയ്ക്കാന്‍ പാടില്ലെന്നാണ് നിയമം. വെള്ളത്തിലേക്ക് കരടി വീഴാനുള്ള സാദ്ധ്യതയും വനം വകുപ്പ് പരിഗണിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Read more

കരടി മുങ്ങിച്ചത്തതാണെന്ന പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും പീപ്പിള്‍സ് ഫോര്‍ അനിമല്‍ കോടതിയെ സമീപിക്കുക. സുരക്ഷയൊരുക്കാതെ വെളളത്തില്‍ വെച്ച് മയക്കുവെടി വെയ്ക്കാന്‍ പാടില്ലെന്ന ചട്ടവും ലംഘിച്ചെന്ന് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തും.