ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദലിയ്ക്ക്; ലേലത്തിന് ഭരണസമിതി അംഗീകാരം

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച അമൽ മുഹമ്മദലിക്ക് തന്നെ കൈമാറാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് 15,10,000 രൂപയ്ക്ക് വണ്ടി ലേലത്തില്‍ പിടിച്ചത്. ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം നല്‍കണം.

വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപ വരെ നൽകാൻ തയ്യാറായിരുന്നു എന്ന് അമൽ മുഹമ്മദലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ, ലേലം ഉറപ്പിച്ചത് താത്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നുമായിരുന്നു ദേവസ്വം ചെയർമാന്റെ നിലപാട്. എന്നാല്‍ ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗം വാഹനം ലേലത്തില്‍ വിളിച്ച ആള്‍ക്ക് തന്നെ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

ദേവസ്വം ഭരണസമിതി അംഗീകാരം ഇനി ദേവസ്വം കമ്മീഷണര്‍ക്ക് കൈമാറും. കമ്മീഷണര്‍ അന്തിമ അനുമതി നല്‍കിയാല്‍ അമലിന് ഗുരുവായൂരില്‍ നിന്ന് ഥാര്‍ കൊണ്ടുപോകാം.