ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്‌കാരം സമ്മാനിക്കും.

സംഗീതത്തിലെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തെ തിരഞ്ഞെടുത്തത്.

പൈതൃകത്തിലേയും അഴകിയ രാവണനിലേയും ഗാനരചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കൈതപ്രത്തിന് നാടകഗാന രചനയ്ക്കും രണ്ടു തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1997-ല്‍ കാരുണ്യം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അദ്ദേഹത്തിന് 2021 ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.