വിദ്വേഷ പരാമർശ കേസ്; പി സി ജോർജ്ജിന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി

വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി സി ജോർജ്ജിന് മുൻകൂർ ജാമ്യമില്ല. മുൻ‌കൂർ ചമയം തേടിയുള്ള പി സി ജോർജിന്റെ ഹർജി ഹൈക്കോടതി തള്ളി. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് പി സി ജോർജ് വിദ്വേഷ പരാമർർശം നടത്തിയത്. സംഭവത്തിൽ ഈരാട്ടുപേട്ട പൊലീസ് ആണ് കേസ് എടുത്തത്.

നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പിസി ജോർജിന്‍റെ വാദം. എന്നാൽ പി സി ജോർജിന്‍റെ പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.

അതേസമയം മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് പി സി ജോർജിന്റെ ഹർജി പരിഗണിക്കവെ ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെതായിരുന്നു
പരാമർശം.

നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷ എന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ദ്ധിപ്പിച്ചിട്ടില്ല. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാന്‍ അവസരമുണ്ട്. എന്നാൽ ഈ കുറ്റത്തിന് നിര്‍ബന്ധമായും ജയില്‍ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഇതൊരു മതേതര രാജ്യമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം ജനുവരിയിൽ നടന്ന ചാനൽ ചർച്ചയിലായിരുന്നു പി സി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് പി സി ജോർജിനെതിരെ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു.

Read more