ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.
മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു ആര്യാടനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു.
മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങള്‍ ശക്തമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Read more
ഇന്ന് രാവിലെയാണ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.