മെഡിക്കല്‍ കോളജുകള്‍ക്കും സേവന മികവിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തും; കേരളത്തിന് സ്വന്തമായി ഗവേഷണ നയം രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ വകുപ്പിലെ സ്ഥാപനങ്ങളെ പോലെ മെഡിക്കല്‍ കോളജുകള്‍ക്കും സേവന മികവിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കൂടാതെ അനേകായിരം പേര്‍ക്കാണ് ദിവസവും വിവിധ തരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നത്. ആ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി.

ആരോഗ്യ രംഗത്ത് ഗവേഷണത്തിന് അനന്ത സാധ്യതകളാണുള്ളത്. അത് മുന്നില്‍ കണ്ട് ഗവേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. ഗവേഷണത്തിന് പൊതു അന്തരീക്ഷം ഒരുക്കും. സംസ്ഥാനത്തിന് സ്വന്തമായി ഗവേഷണ നയം രൂപീകരിക്കാന്‍ തീരുമാനിച്ചു. ഗവേഷണത്തിനുള്ള അനുമതി ഏകജാലകം വഴി ലഭ്യമാക്കാനുള്ള ശ്രമം നടത്തും. ഏറ്റവും നല്ല ഗവേഷണത്തിന് റിവാര്‍ഡ് നല്‍കും.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ദേശീയ റാങ്കിംഗ് പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ഉള്‍പ്പെട്ടത് അഭിമാനകരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുകയാണ്. രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഉള്‍പ്പെടുന്നത്. കഠിനാധ്വാനത്തിന്റേയും സമര്‍പ്പണത്തിന്റേയും പരിണിതഫലമാണ് മെഡിക്കല്‍ കോളേജിന് ലഭിച്ച അംഗീകാരം.

കേരളത്തിലെ ദന്തല്‍ ചികിത്സ ഗുണമേന്മയുള്ളതും ലാഭകരമാണെന്നുമാണ് വിദേശത്തുള്ളവരുടെ വിലയിരുത്തില്‍. ആ സാധ്യത മുന്നില്‍ കണ്ട് കേരളത്തെ ഹെല്‍ത്ത് ഹബ്ബ് ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനേയും ദന്തല്‍ കോളേജിനേയും ആദ്യ ഘട്ട ഹെല്‍ത്ത് ഹബ്ബ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ മേഖല വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. മലപ്പുറത്ത് തിരിച്ചറിയാതെ പോകുമായിരുന്ന നിപ തിരിച്ചറിഞ്ഞത് ഒരു ഉദാഹരണമാണ്. ലോകത്തിന് മുമ്പില്‍ കേരളം വലിയ മാതൃകയാണ്. സമര്‍പ്പിതമായി സേവനമനുഷ്ഠിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് ഡ്രഗ് ഫോര്‍മുലറി മന്ത്രി പ്രസിദ്ധീകരിച്ചു. കേരളത്തില്‍ ഏറ്റവും സാധാരണമായി ഉപയോഗത്തിലുളള മരുന്നുകളുടെ വിശദവിവരങ്ങള്‍ സംഗ്രഹിച്ചിട്ടുളള ഒരു റഫറന്‍സ് പ്രമാണമാണ് ഡ്രഗ് ഫോര്‍മുലറി.