സംസ്ഥാനത്ത് ശക്തമായ മഴ തുടരും, മലപ്പുറം മുതൽ കാസർഗോഡ് ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മലയോരമേഖലകളിൽ ജാഗ്രത വേണമെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. തെക്കൻ ഛത്തീസ്‌ഗഡിനും വിദർഭക്കും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റന്നാൾ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.