കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം തിരുവനന്തപുരത്ത്; പ്രതിഷേധവുമായി ഹൈബി ഈഡന്‍

കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാകുന്നു. ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്യും. എന്നാല്‍ ഉദ്ഘാടനം തലസ്ഥാനത്തേക്ക് മാറ്റിയതില്‍ പ്രതിഷേധവുമായി എറണാകുളം എംപി ഹൈബി ഈഡന്‍ രംഗത്തുവന്നു.

ആദ്യഘട്ട സര്‍വീസിനായി ബോട്ടുകള്‍ ഒരുങ്ങിയിട്ടും ഉദ്ഘാടനം വൈകിപ്പിച്ച പ്രതിഷേധത്തിന് പുറമേയാണ് എംപി യുടെ പരാതി. കൊച്ചി നഗരത്തെയും സമീപ ദ്വീപുകളെയും ബന്ധിപ്പിച്ച് ജലഗതാഗതമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ക്രിസ്മസിലേക്ക് നീട്ടിവച്ചു. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനായില്ല. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തിരക്കിട്ടാണ് ഉദ്ഘാടനം തീരുമാനിച്ചത്.

ജനപ്രതിനികളെ പോലും അറിയിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഹൈബി ഈഡന്റെ ആരോപണം. 23 ബോട്ടുകളും 38 ജെട്ടികളുമാണ് വാട്ടര്‍ മെട്രോ പദ്ധതിയിലുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ 14 ജെട്ടികള്‍ പണിതീര്‍ത്ത് സര്‍വീസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

Read more

എന്നാല്‍ നിലവില്‍ 8 ബോട്ടുകളും 5 ജെട്ടികളുമാണ് തയ്യാറായിരിക്കുന്നത്. മറ്റുളളവയുടെ പണികള്‍ തുടരുകയാണ്. ആദ്യഘട്ട സര്‍വീസിന് ഇത് മതിയാകുമെന്നിരിക്കെ ഉദ്ഘാടനം വൈകിപ്പിച്ചത് പദ്ധതിയുടെ പ്രാധാന്യം കുറച്ചെന്നാണ് വിമര്‍ശനം.