കോട്ടയം സീറ്റിലെ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡിനും അതൃപ്തി; ശുഭാപ്തിവിശ്വാസത്തിലെന്ന് പി. ജെ ജോസഫ്

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും അതൃപ്തി. കേരളത്തില്‍ പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തു. മറ്റു സീറ്റുകളിലെ വിജയസാധ്യതയെ തര്‍ക്കം ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതാണ് അതൃപ്തിക്ക് കാരണം.

അതേസമയം താന്‍ ശുഭാപ്തിവിശ്വാസത്തിലാണെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ ജോസഫ്. ചര്‍ച്ച തുടരുമെന്ന് പി. ജെ ജോസഫ് വ്യക്തമാക്കി. നാളെ വൈകുന്നേരത്തോടെ പരിഹാരം ഉണ്ടാകുമെന്നാണ് പി. ജെ ജോസഫ് വ്യക്തമാക്കിയിരുന്നത്.

യുഡിഎഫില്‍ തന്നെ പുതിയ കക്ഷിയായി മാറുന്നതിനാണ് ജോസഫ് നിലവില്‍ ശ്രമിക്കുന്നത്. ഇതിന് കോണ്‍ഗ്രസ് പിന്തുണ തേടിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. . ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും രംഗത്തെത്തിയിരുന്നു.

യുഡിഎഫില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പ് പി. ജെ ജോസഫിന് ലഭിച്ചിരുന്നതാണ്. കെ എം മാണിയും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞിരുന്നതായിട്ടാണ് വിവരം. അവസാനം തന്ത്രപരമായി മാണി നിലപാട് മാറ്റുകയായിരുന്നു.

Read more

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടിക്ക് ഒരു കേന്ദ്ര മന്ത്രി സ്ഥാനം കിട്ടിയേക്കും. ഈ സ്ഥാനത്തിലേക്ക് രാജ്യസഭാ എംപിയും മകനുമായ ജോസ് കെ മാണിക്ക് ബദല്‍ പാടില്ലെന്നാണ് കെ എം മാണിയുടെ ആഗ്രഹം. പക്ഷേ ഈ കേന്ദ്ര മന്ത്രി സ്ഥാനം സ്വന്തമാക്കാനാണ് പി ജെ ജോസഫിന്റെ ലക്ഷ്യം.