ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ എക്സൈസിന് നിർദ്ദേശം

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി സമീപിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ എക്സൈസിന് കോടതി നിർദ്ദേശം നൽകി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ടെന്നായിരുന്നു ആലപ്പുഴയിൽ കഞ്ചാവുമായി പിടിയിലായ തസ്ലീമയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കുമെന്നും പ്രതികളും 2 സിനിമാതാരങ്ങളും തമ്മിലുള്ള ബന്ധം അന്വേഷണപരിധിയിലാണെന്നും ആവശ്യമെങ്കിൽ ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ യുവതി ഉൾപ്പെടെ രണ്ട് പേർ എക്‌സൈസ് പിടിയിലാവുന്നത്. ഇവരിൽ നിന്നും ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. സിനിമ മേഖലയും ടൂറിസം മേഖലയും ലക്ഷ്യം വെച്ച് എത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടി. അതേസമയം കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് എത്തിക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. എക്സൈസ് പ്രതികളെ ആലപ്പുഴയിൽ എത്തിച്ചത് കെണിയൊരുക്കി പിടികൂടുകയായിരുന്നു.