സിഐടിയു പ്രവർത്തകൻ ജിതിനെ കുത്തിയത് താൻ തന്നെ എന്ന് മൊഴി നൽകി പ്രധാന പ്രതി വിഷ്ണു. അതേസമയം തങ്ങൾക്കൊന്നുമറിയില്ലെന്നാണ് കൂട്ടുപ്രതികളുടെ മൊഴി. കേസിൽ എട്ട് പ്രതികളേയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്നും കണ്ടെടുത്ത ആയുധം കൃത്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടരയ്ക്ക് മടത്തും മൂഴിയിൽ സംഘർഷത്തിന് തുടക്കമിട്ടത് രണ്ടുപേരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ആളുകളുടെ എണ്ണം കൂടി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യം കേസിൽ നിർണ്ണായകമാകും.
അതേസമയം കസ്റ്റഡി അപേക്ഷ പിന്നീട് നൽകാനാണ് പൊലീസിൻ്റെ തീരുമാനം. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതി വിഷ്ണു കാറിൽ നിന്നും കത്തിയെടുത്ത് ജിതിനെ കുത്തിയതായാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതികളിൽ രണ്ട് പേർ മുൻ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്.
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്‍ത്തകനായ പെരുനാട് മാമ്പാറ സ്വദേശി ജിതിന്‍(36)ആണ് കൊല്ലപ്പെട്ടത്. ജിതിനെ ആദ്യം പെരുനാട് പിഎച്ച്‌സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്.