മലയാളത്തില്‍ പരീക്ഷയെഴുതാന്‍ അവസരം തരണമെന്നാവശ്യപ്പെടുന്ന തിരുവനന്തപുരം പി.എസ്.സി ഓഫീസിന് മുന്നില്‍ നടക്കുന്ന സമരം ശക്തമാക്കുന്നു. സമരം പതിനൊന്ന് ദിവസം പിന്നിട്ടതോട് ഐക്യദാര്‍ഡ്യവുമായി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തെത്തി. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സമരപന്തലിലും ജില്ലാ കേന്ദ്രങ്ങളിലും തിരുവോണ ദിവസം ഉപവാസ സമരം നടത്തും. അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവരാണ് ഉപവസിക്കുന്നത്. വി മധുസൂദനന് നായര്‍, കുരീപ്പുഴ ശ്രീകുമാര്‍ എം ആര് തമ്പാന് തുടങ്ങിയവര്‍ പിഎസ്സിക്ക് മുന്നില്‍ സമരം നടത്തും. സുഗതകുമാരി, എം കെ സാനു, ഷാജി എന്‍ കരുണ്‍, സി രാധാകൃഷ്ണന്, പെരുമ്പടവം ശ്രീധരന്, വി ആര് പ്രബോധചന്ദ്രന്‍ നായര്‍, ബി രാജീവന് തുടങ്ങിയവര്‍ വീട്ടിലും ഉപവസിക്കുമെന്ന് സമരസമിതി അറിയിച്ചു.
കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ മൗലികാവകാശത്തെ നിഷേധിക്കുന്ന പി. എസ്. സി. യുടെ തീരുമാനത്തിനെതിരെ ഉത്രാടം, തിരുവോണ നാളുകളില്‍ മലയാളത്തിലെ കവികള്‍ നടത്തുന്ന നിരാഹാര സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ച് എഴുത്തുകാരും രംഗത്ത് വന്നു. നിരാഹാരസമരത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്‍ പി പ്രിയേഷിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.വിദ്യാര്‍ത്ഥി മലയാളവേദി സംസ്ഥാന സെക്രട്ടറി സുഭാഷ് കുമാറാണ് ഇപ്പോള്‍ നിരാഹാരമിരിക്കുന്നത്.
പി.എസ്.സി ഓഫീസിനു മുന്നില്‍ രൂപിമയും പ്രിയേഷും തുടങ്ങിയ നിരാഹാര സമരം ഉയര്‍ത്തിയത് കേവല ഭാഷാ വാദമോ, മൗലികവാദമോ അല്ലെന്ന് മനസ്സിലാക്കാന്‍ ശേഷിയുള്ള മലയാളത്തിലെ പ്രധാനപ്പെട്ട മറ്റു എഴുത്തുകാരും ഈ സമരത്തോട് ഐക്യപ്പെടുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പി എഫ് മാത്യൂസ്, എസ് ഹരീഷ് അയ്മനം ജോണ്‍ അശോകന് ചരുവില്‍ പ്രിയ എ എസ് എന്നിവരുള്‍പ്പെടെയുള്ള എഴുത്തുകാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
Read more
ഓഗസ്റ്റ് 29നാണ് സമരം ആരംഭിച്ചത്. ഐക്യമലയാളം നേതൃത്വം നല്കിയ നിരാഹാര സമരത്തിന് രൂപിമ, ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രിയേഷ്, ശ്രേയ എന്നിവരാണ് നേതൃത്വം നല്‍കിയിരുന്നത്. രൂപിമയെ ആദ്യവും പ്രിയേഷിനെ പിന്നീടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.