മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്തുന്നതിന് ഐബിഒഡിഎസ്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; 82 ക്യാമ്പുകളിലായി 8107 ദുരന്തബാധിതര്‍

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക സ്ഥിരീകരണം. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 79 എണ്ണം പുരുഷന്മാരുടേതും 64 എണ്ണം സ്ത്രീകളുടേതുമാണ്. 191 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ ആദ്യഘട്ടത്തില്‍ ഉരുള്‍പൊട്ടിയതിന് സമീപ പ്രദേശങ്ങളിലെ 1592 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. 68 കുടുംബങ്ങളില്‍ നിന്നുളള 206 പേരെ മൂന്ന് ക്യാമ്പുകളിലേക്കായി മാറ്റിയിട്ടുണ്ട്. ഇതില്‍ 75 പുരുഷന്‍മാരും 88 സ്ത്രീകളും 43 കുട്ടികളുമുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരും കുടുങ്ങിക്കിടന്നവരുമായ 1386 പേരെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

രക്ഷപ്പെടുത്തിയ 201 പേരെ ആശുപത്രിയില്‍ എത്തിച്ചിരുന്നെന്നും ഇതില്‍ 90 പേര്‍ നിലവില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 82 ക്യാമ്പുകളിലായി 8107 പേരുണ്ട്. ദുരന്തമുഖത്ത് നിലവില്‍ 1167 പേര്‍ ഉള്‍പ്പെടുന്ന സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകുന്നതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, താല്‍ക്കാലിക കയര്‍ പാലത്തിലൂടെ റെസ്‌ക്യൂ ടീമിനെ എത്തിക്കുക എന്നീ കാര്യങ്ങള്‍ക്ക് പ്രധാന പരിഗണനയാണ് നല്‍കുന്നത്. റോഡ് തടസ്സം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്. ചികിത്സയും പരിചരണവും നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ-9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.

Read more

മണ്ണിനടിയിലുള്ള മനുഷ്യ സാന്നിധ്യം കണ്ടെത്തുന്നതിന് ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിക്കും. റിട്ട മേജര്‍ ജനറല്‍ ഇന്ദ്രപാലന്റെ സഹായവും തേടിയിട്ടുണ്ട്. ദുരന്തമുഖത്ത് എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകള്‍ സജീവമാണ്. ഡിഫെന്‍സ് സര്‍വീസ് കോപ്‌സ്, മദ്രാസ് റെജിമെന്റ് എന്നീ സംഘങ്ങള്‍ ഡങ്കി ബോട്ടും വടവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.