മിച്ചഭൂമി മറിച്ച് വിറ്റ സംഭവം; മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ ലാന്റ് ബോര്‍ഡ് റിപ്പോര്‍ട്ട്

തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസ് മിച്ചഭൂമി മറിച്ച് വിറ്റതായി ലാന്റ് ബോര്‍ഡ് റിപ്പോര്‍ട്ട്. ജോര്‍ജ്ജ് എം തോമസിന്റെ മിച്ചഭൂമി തിരിച്ച് പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് റിപ്പോര്‍ട്ട്. ലാന്റ് ബോര്‍ഡ് തിരിച്ച് പിടിച്ച മിച്ചഭൂമി 2001ല്‍ അഗസ്റ്റിന്‍ എന്നയാള്‍ക്ക് കൈമാറി. 2022ല്‍ ജോര്‍ജ് എം തോമസിന്റെ ഭാര്യയുടെ പേരില്‍ ഇതേ ഭൂമി തിരിച്ച് വാങ്ങി.

തുടര്‍ന്ന് മുന്‍ എംഎല്‍എ ഈ ഭൂമിയില്‍ പുതുതായി ഒരു വീടും പണികഴിപ്പിച്ചു. ജോര്‍ജ്ജ് കോടതിയെ കബളിപ്പിക്കാനുള്ള പദ്ധതിയിട്ടതാണെന്ന് കേസിലെ പരാതിക്കാരനായ സൈദലവി ആരോപിക്കുന്നു. 2018ല്‍ ഭൂമി തട്ടിപ്പിനെ കുറിച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ ജോര്‍ജ്ജ് നിഷേധിച്ചിരുന്നു. 16 ഏക്കറില്‍ ഏറെ മിച്ച ഭൂമി ജോര്‍ജ് കൈവശപ്പെടുത്തിയെന്നതായിരുന്നു പരാതി.

Read more

മിച്ച ഭൂമി തട്ടിപ്പിന് ഉദ്യോഗസ്ഥര്‍ മുന്‍ എംഎല്‍എയ്ക്ക് കൂട്ടുനിന്നതായി ആരോപിച്ച് കേസിലെ പരാതിക്കാരന്‍ ലാന്റ് ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ജോര്‍ജ്ജിന്റെ രാഷ്ട്രീയ സ്വാധീനം മിച്ച ഭൂമി വിഷയത്തില്‍ നടപടി നീണ്ടുപോകാന്‍ കാരണമായതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2023ല്‍ സിപിഎം ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.