ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപയും; തൃക്കാക്കര നഗരസഭ അദ്ധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹം

എറണാകുളം തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം പതിനായിരം രൂപ വെറുതെ നല്‍കിയ സംഭവത്തിൽ നഗരസഭ അദ്ധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം. നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പന്‍ ണം നല്‍കിയെന്ന ആരോപണം സത്യമാണെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി.  കോൺഗ്രസ്‌ നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് അജിത തങ്കപ്പന്‍റെ മൊഴിയെടുക്കും.

ചെയര്‍പേഴ്സണ്‍ രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് അനിശ്ചിതകാലസമരം തുടങ്ങി. നഗരസഭയിലെ സിസി ടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ പൊലീസിൽ പരാതി നൽകി. പണം നൽകുന്ന ദൃശ്യം സിസി ടിവിയിൽ ഉള്ളതിനാൽ അത് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോപണം. ഈ ആവശ്യവുമായി നഗരസഭ സൂപ്രണ്ട്‌ ഓഫീസിൽ കുത്തിയിരുന്ന പ്രവർത്തകർ പിന്നീട് ചെയർപെഴ്സന്‍റെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധം മാറ്റി. ഇതേ ആവശ്യം ഉന്നയിച്ച് ബി.ജെ.പിയും പി.ഡി.പിയും നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി. സംഭവത്തില്‍ ഡി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പന്‍റെ മൊഴിയെടുക്കും.

Read more

യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ അദ്ധ്യക്ഷ അജിത തങ്കപ്പനാണ് 43 കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനമായി 10000 രൂപ വീതം നല്‍കിയത്. പണം തിരികെ നല്‍കിയ 18 കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. ഓരോ കൗണ്‍സിലര്‍മാരെയും ക്യാബിനിലേക്ക് വിളിച്ചുവരുത്തി പണം രഹസ്യമായി കൈമാറുകയായിരുന്നുവെന്നാണ് ആരോപണം.