ശിശുമരണങ്ങൾ; പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിൽ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് അട്ടപ്പാടി സന്ദർശിക്കും. ശിശുമരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം. രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദർശനം നടത്തും എന്നാണ് വിവരം.

രാവിലെ പത്തു മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും. സതീശനൊപ്പം മണ്ണാർകാട് എംഎൽഎ എൻ.ഷം ഷുദ്ദീൻ ഉൾപ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തുന്നുണ്ട്.

അട്ടപ്പാടിയിലെ ആദിവാസി ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ് എന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സ്ഥിതി പരിശോധിക്കാനായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയിരുന്നു. അതേസമയം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് പ്രതിപക്ഷ നേതാവിനെക്കാള്‍ മുന്‍പ് എത്താനുള്ള തിടുക്കമായിരുന്നു എന്ന് സൂപ്രണ്ട് പറഞ്ഞു.

Read more

മന്ത്രിയുടെ സന്ദര്‍ശന ദിവസം തന്നെ ഇല്ലാത്ത യോഗത്തിന്റെ പേരും പറഞ്ഞ് സ്ഥലത്ത് നിന്ന് മനപ്പൂര്‍വ്വം മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചതിന് ശേഷമാണ് മന്ത്രി ചുരം കയറിയത്. അട്ടപ്പാടിക്ക് വേണ്ടി പലകാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും നടപ്പാക്കിയില്ല. ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് മന്ത്രി അട്ടപ്പാടിയെ പരിഗണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.