പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച കാണിക്കയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. ഓഡിറ്റര്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നാണ് വിവരം. ക്ഷേത്രത്തിലെ ലേലത്തില്‍ ആണ് ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. ഭക്തര്‍ നല്‍കുന്ന കാണിക്ക അടിസ്ഥാന വില നിശ്ചയിച്ച് ലേലത്തിന് വയ്ക്കുന്നതാണ് ക്ഷേത്രത്തിലെ രീതി.

എന്നാല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സാരി, മുണ്ട് എന്നിവയില്‍ അടിസ്ഥാന വില നിശ്ചയിക്കാതെ ലേലം നടത്തിയതായാണ് ഓഡിറ്റര്‍ പരിശോധനയില്‍ കണ്ടെത്തിയത്. സാരി, മുണ്ട് എന്നിവ ക്ഷേത്രത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളിലാണ് ലേലത്തിന് വയ്ക്കാറുള്ളത്. എന്നാല്‍ പരിശോധനയില്‍ അടിസ്ഥാന വില നിശ്ചയിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയുമായി മുന്നോട്ട് പോവാനാണ് ദേവസ്വം തീരുമാനം.