മലപ്പുറം ജില്ലയ്‌ക്കെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയിൽ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം. വെള്ളാപ്പള്ളി നടേശൻ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതിൽ പ്രസംഗത്തിൽ വ്യക്തതയില്ലെന്നാണ് നിയമോപദേശം. വിഷയത്തിൽ എട്ട് പരാതികൾ ലഭിച്ച എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്.
മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. മലപ്പുറം ജില്ലയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെ നിരവധി പേരാണ് വിമർശിച്ച് രംഗത്തെത്തിയത്. വിദ്വേഷ പരാമർശം നടത്തിയെന്നായിരുന്നു ആരോപണം.
മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിശദീകരണം.