കശ്മീരിൽ കനത്തമഞ്ഞുവീഴ്ചയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് തുണയായി ജാമിയ മസ്ജിദ്

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾക്ക് തുണയായത് ഒരു മുസ്‌ലിം പള്ളി. ശ്രീനഗർ-സോനാമാർഗ് ദേശീയപാതയിലെ ഗുൻദിലുള്ള ആളുകളാണ് സഞ്ചാരികളെ സ്വന്തം നാട്ടിൽ അതിഥികളായി സ്വീകരിച്ചത്. പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കാണ് പള്ളി അഭയം നൽകിയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ഹൃദയം നിറയ്ക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

സോനാമാർഗിൽ നിന്ന് യാത്ര കഴിഞ്ഞ് തിരികെ വരുകയായിരുന്നു സഞ്ചാരികൾ. ഇതിനിടെ സഞ്ചാരികളുടെ വാഹനം കേടാവുകയായിരുന്നു. സമീപത്തൊന്നും ഹോട്ടലുകളോ മറ്റ് താമസ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. അടുത്തുള്ള വീടുകളാകട്ടെ അവരെ സ്വീകരിക്കാൻ കഴിയാത്ത വിധം തീരെ ചെറുതും ആയിരുന്നു. തുടർന്നാണ് ഗുന്ദ് നിവാസികൾ ജാമിയ മസ്ജിദിന്റെ വാതിൽ തങ്ങളുടെ അതിഥികൾക്കായി തുറന്ന് കൊടുത്തത്. ശനിയാഴ്ച രാത്രി അവർ പള്ളിയിൽ സുരക്ഷിതരായി തങ്ങുകയും പിറ്റേന്ന് യാത്ര തുടരുകയും ചെയ്തു.