'ജസ്‌ന ഒരു മരീചികയല്ല, ഈ പ്രപഞ്ചത്തിൽ എവിടെ ജീവിച്ചാലും മരിച്ചാലും സിബിഐ അവരെ കണ്ടെത്തും'; ടോമിൻ തച്ചങ്കരി

ജെസ്ന തിരോധാന കേസിൽ സിബിഐയുടെ ക്ലോഷർ റിപ്പോർട്ട് ഒരു സാങ്കേതിക നടപടി മാത്രമാണെന്ന് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. എന്നെങ്കിലും കേസിൽ ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐക്ക് തുടർന്നും അന്വേഷിക്കാൻ പറ്റുമെന്നും തച്ചങ്കരി വിശദീകരിച്ചു. ജെസ്ന ഒരു മരീചികയൊന്നുമല്ലെന്നും ജെസ്നയെ എന്നെങ്കിലും ഒരിക്കൽ സിബിഐ കണ്ടെത്തുമെന്നും തച്ചങ്കരി പറഞ്ഞു.

‘കയ്യെത്തും ദൂരത്തു ജെസ്ന എത്തിയെന്നു കരുതിയിരുന്ന സമയമുണ്ട്. അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോൾ ജസ്നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്തമായ ഒരു ലീഡ് കിട്ടി. അതുവെച്ച് അന്വേഷണം തുടർന്നു. അപ്പോഴാണ് കോവിഡ് വരുന്നത്. പോകേണ്ടിയിരുന്നത് കുമളി, തേനി വഴി തമിഴ്നാട്ടിലേക്കായിരുന്നു. എന്നാൽ പിന്നീട് ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞു കിടന്നു. ഈ സമയത്ത് കുടുംബം കോടതിയിൽ പോവുകയും കേസ് സിബിഐയ്ക്ക് വിടുകയുമായിരുന്നു. കണ്ണികളായി അന്വേഷിച്ചു പോയ സമയത്ത് കേസ് തെളിയിക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്’- തച്ചങ്കരി പറഞ്ഞു.

‘ജെസ്ന ഒരു മരീചികയൊന്നുമല്ല. പ്രപഞ്ചത്തിൽ എവിടെ അവർ ജീവിച്ചാലും മരിച്ചാലും അവരെ സിബിഐ കണ്ടെത്തും. ഈ രാജ്യത്തെ ഏറ്റവും മികച്ച ഏജൻസിയാണ് സിബിഐ. ക്ലോഷർ റിപ്പോർട്ട് കൊടുത്തത് ഒരു സാങ്കേതിക നടപടിയാണ്. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐക്ക് തുടർന്നും അന്വേഷിക്കാൻ പറ്റും. ലോകത്തു പല കേസുകളും തെളിയിക്കപ്പെടാതെയുണ്ട്. ടൈറ്റാനിക്ക് മുങ്ങിപ്പോയി എത്രയോ വർഷം കഴിഞ്ഞാണു യഥാർഥ ചിത്രം കിട്ടിയത്. നിരാശരാകേണ്ട കാര്യമില്ല. സിബിഐയിൽ പൂർണ വിശ്വാസമുണ്ട്.’

Read more

‘ഏതെങ്കിലും ഒരു കേസ് തെളിയാതെ വരുമ്പോൾ പരസ്പരം കുറ്റപ്പെടുത്തലുകൾ വരാറുണ്ട്. ആരും മനപ്പൂർവം കുറ്റങ്ങൾ ചെയ്തിട്ടില്ല. നൂറുകണക്കിന് കേസുകൾ ലോക്കൽ പൊലീസിന് അന്വേഷിക്കാനുണ്ട്. അന്ന് കേസ് വലിയ വെല്ലുവിളിയായിരുന്നില്ല. കുറ്റപ്പെടുത്തലിനും പഴിചാരലിനും പ്രസക്തിയില്ല. മനപ്പൂർവമായ തെറ്റ് ലോക്കൽ പൊലീസോ ക്രൈംബ്രാഞ്ചോ സിബിഐ നടത്തിയിട്ടില്ല’- തച്ചങ്കരി വിശദീകരിച്ചു. സംഭവത്തിൽ മതപരിവർത്തനം നടന്നു എന്ന് പറഞ്ഞാൽ അതിനുള്ള തെളിവ് കൊടുക്കണം. തെളിവില്ലാത്തത് കൊണ്ട് മതപരിവർത്തനം നടന്നോ ഇല്ലയോ എന്ന് പറയാൻ കഴിയില്ലെന്നും തച്ചങ്കരി പറഞ്ഞു.