ഞാന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായി നല്‍കി; സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; നല്‍കിയത് വ്യാജവാര്‍ത്തകള്‍; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിമയനടപടിയുമായി എംവി ജയരാജന്‍

വ്യാജവാര്‍ത്ത നല്‍കിയയെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഈ വാര്‍ത്ത ഏറ്റെടുത്ത് തുടര്‍ സംപ്രേക്ഷണം ചെയ്ത മനോരമക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അദേഹം വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെയാണ് എം വി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി, കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടന്റ് എഡിറ്റര്‍ അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, ആര്‍ ശ്രീജിത് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് നല്‍കിയത്.

ഒക്ടോബര്‍ അഞ്ചിന് ‘മുഖ്യമന്ത്രിക്കെതിരെ ചോദ്യം’, ‘ഹിന്ദു അഭിമുഖ വിവാദത്തില്‍ ആടിയുലഞ്ഞ് സിപിഎം’, ‘മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ സംസ്ഥാന കമ്മിറ്റിയില്‍ ചോദ്യം ചെയ്ത് ജയരാജന്‍’ എന്നിങ്ങനെ രണ്ടു വ്യാജ വാര്‍ത്തകളാണ് ചാനല്‍ സംപ്രേഷണം ചെയ്തതെന്ന് അദേഹം പറഞ്ഞു.

അത്തരത്തില്‍ ഒരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് അഡ്വ. വിനോദ് കുമാര്‍ ചമ്പോളന്‍ മുഖേന അയച്ച നോടീസില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്തയെന്നും സമൂഹമാധ്യത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ എംവി ജയരാജന്‍ പറഞ്ഞു.

Read more

24 മണിക്കൂറിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ ജയരാജന്‍ വ്യക്തമാക്കി.