കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞത് നിയോഗമായി കാണുന്നുവെന്ന് അഡ്വ. ജെബി മേത്തര്‍. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. പാര്‍ട്ടി ഏത് ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും അതിനോട് കൂറ് പുലര്‍ത്തും. പരിഗണിക്കപ്പെട്ടവരിലാരും തഴയപ്പെടേണ്ടവരല്ലെന്ന് ജെബി മേത്തര്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉയര്‍ത്താന്‍ തന്നെ ഈ അവസരത്തെ നോക്കിക്കാണുന്നു. ഇതുവരെ കിട്ടിയതെല്ലാം ഒരു ചുമതലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരത്തെ നിയോഗമായിട്ടാണ് കാണുന്നത്. വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.
സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടവരെല്ലാം കോണ്‍ഗ്രസിന് വേണ്ടപ്പെട്ടവരാണെന്ന് ജെബി വ്യക്തമാക്കി. എം.ലിജു കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട് നേതാക്കളില്‍ ഒരാളാണ്.
കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുന്നത് തന്നെയാണ് മഹിളാ കോണ്‍ഗ്രസിന്റേയും തീരുമാനം. എല്ലാവരും കയറി അഭിപ്രായം പറഞ്ഞ് വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല.
അവസരങ്ങള്‍ ലഭിക്കാത്ത ആളല്ല താന്‍. 2010ലും 2015ലും 2020ലും കൈപ്പത്തി ചിഹ്നത്തില്‍ ആലുവ നഗരസഭയില്‍ മത്സരിക്കാന്‍ അവസരം കിട്ടി. ഇതുവരെ പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റി.
അപ്രതീക്ഷിതമായാണ് രാജ്യസഭയിലേക്ക് അവസരം ലഭിച്ചത്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഉള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. അവസരം തന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയോടും, പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സുധാകരന്‍, വി.ഡി സതീശന്‍, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരോടും ജെബി മേത്തര്‍ നന്ദി അറിയിച്ചു.
കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഡ്വ. ജെബി മേത്തറെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍. സ്ഥാനാര്‍ത്ഥിത്വത്തിന് കേണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ജെബി മേത്തറിനെ തിരഞ്ഞെടുത്തത്. ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. ആലുവ നഗരസഭാ ഉപാധ്യക്ഷ കൂടിയാണ് ഇവര്‍.
Read more
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഒരു വനിത എത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓഡിനേറ്ററായിരുന്ന ഇവര്‍ അടുത്തിടെയാണ് മഹിള കോണ്‍ഗ്രസ് അധ്യക്ഷയായത്. ലതിക സുഭാഷ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് പോയതോടെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി ജെബി മേത്തറിനെ തിരഞ്ഞെടുത്തത്. 2020 മുതല്‍ കെ.പി.സി.സി അംഗവുമാണ്.