ദേശീയ നേതൃത്വത്തിനൊപ്പം നില്‍ക്കാനാവില്ലെന്ന് ജെഡിഎസ് കേരളഘടകം; പുതിയ ലയനം സംബന്ധിച്ച തീരുമാനം ഒക്ടോബര്‍ ഏഴിന്

എന്‍ഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കാനാവില്ലെന്ന് ജെഡിഎസ് കേരളഘടകം. പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജെഡിഎസ് കേരള ഘടകം നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബംഗളൂരുവിലായിരുന്നു കൂടിക്കാഴ്ച.

പുതിയ ലയനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒക്ടോബര്‍ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും. ദേശീയ നേതൃത്വം എന്‍ഡിഎയ്‌ക്കൊപ്പം പോയതിന് പിന്നാലെ എത്രയും വേഗം പ്രതിസന്ധി പരിഹരിക്കണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃത്വത്തോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ബംഗളൂരുവിലെത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

കൂറുമാറ്റ നിരോധനം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ജെഡിഎസിന് പുതിയ പാര്‍ട്ടി രൂപീകരിക്കാനാവില്ല. നിതീഷ് കുമാര്‍ യാദവിന്റെ പാര്‍ട്ടിയുമായി ലയിക്കണമെന്നാണ് നീലലോഹിത ദാസന്‍ നാടാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ അടിക്കടി നിലപാട് മാറ്റുന്ന നിതീഷിനൊപ്പം പോകുന്നത് ആത്മഹത്യാപരമാണെന്നാണ് പാര്‍ട്ടി നിലപാട്. അഖിലേഷ് യാദവിന്റെ എസ്പിയോടൊപ്പം ചേരാനും നിലവില്‍ ജെഡിഎസ് കേരള ഘടകം ആലോചിക്കുന്നുണ്ട്.