ജാർഖണ്ഡിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ പാളം തെറ്റി; രണ്ട് മരണം, 20 പേർക്ക് പരിക്ക്

ജാർഖണ്ഡിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ പാളം തെറ്റി. ഹൌറ – സിഎസ്എംടി എക്സ്പ്രസിന്റെ 18 കോച്ചുകളാണ് പാളം തെറ്റിയത്. രണ്ട് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. പുലർച്ചെ 3.45 ഓടെ ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബഡാബാംബുവിനടുത്താണ് ട്രെയിൻ പാളം തെറ്റിയത്.

പാളം തെറ്റിയ 18 കോച്ചുകളിൽ 16 എണ്ണം പാസഞ്ചർ കോച്ചുകളും ഒരെണ്ണം പവർ കാറും ഒന്ന് പാൻട്രി കാറുമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ് സംഘം സംഭവ സ്ഥലത്ത് എത്തിയതായി വെസ്റ്റ് സിംഗ്ഭും ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് ചൗധരി പറഞ്ഞു.

Read more

പരിക്കേറ്റവർക്ക് റെയിൽവേയുടെ മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദദ്ധ ചികിത്സയ്ക്കായി പരിക്കേറ്റവരെ ചക്രധർപൂരിലേക്ക് കൊണ്ടുപോയതായി റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ പാളം തെറ്റിയതിന്‍റെ കാരണം വ്യക്തമില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.