സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജോയ്സ് ജോർജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം: രമേശ് ചെന്നിത്തല

സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രാഹുൽ ഗാന്ധിയെ അപമാനിച്ച മുൻ എം.പി ജോയ്സ് ജോർജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധി വിവാഹിതൻ അല്ലാത്തതിനാൽ അദ്ദേഹത്തോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം എന്ന പരാമർശമാണ് ജോയ്‌സ് ജോർജ് നടത്തിയത്.

“രാഹുൽ ഗാന്ധിയുടെ പരിപാടി, കോളജിൽ പോകും, പെൺപിള്ളേർ മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധിയുടെ മുമ്പിൽ വളയാനും കുനിയാനും ഒന്നും നിൽക്കല്ലേ, അയാൾ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്‌സ് ജോർജ് പറഞ്ഞത്.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രാഹുൽ ഗാന്ധിയെ അപമാനിച്ച മുൻ എം.പി ജോയ്സ് ജോർജ്ജിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണം.

പെൺകുട്ടികൾ രാഹുൽ ഗാന്ധിയുമായി ഇടപഴകുന്നത് സംബന്ധിച്ച് ജോയ്സ് ജോർജ് നടത്തിയ അശ്ലീല പരാമർശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉൾപ്പെടെയുള്ളവർ സദസ്സിലിരുന്ന് ഈ പരാമർശത്തിന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ജനങ്ങളോട് ഇടപഴകിയാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുൽ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും തെളിവാണ്. വനിതാ കോളജിലെ ചടങ്ങുകളിൽ ആയോധനകല പഠിപ്പിച്ചുതരാൻ പറയുന്ന കുട്ടികൾക്ക് അതിന്റെ പാഠങ്ങൾ പഠിപ്പിച്ചു നൽകുന്നത് ഒരു നേതാവ് എപ്രകാരം ജനങ്ങളുമായി ഇടപഴകണം എന്നതിന്റെ ഉദാഹരണങ്ങളാണ്. അഹന്തകളില്ലാത്ത, നാട്യങ്ങളില്ലാത്ത ഒരു സാധാരണക്കാരൻ മാത്രമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായ രാഹുൽ ഗാന്ധി. നിർലോഭമായ സ്നേഹം അതുകൊണ്ടുതന്നെ ജനങ്ങൾ അദ്ദേഹത്തിന് നല്കുന്നു.

രാഷ്ട്രീയത്തിലെ എല്ലാ മാന്യതകളും മറന്നുകൊണ്ടായിരുന്നു മുൻ ഇടുക്കി എം.പിയുടെ പരാമർശങ്ങൾ. രാഹുൽ ഗാന്ധിയെ മാത്രമല്ല, സ്ത്രീകളെ മുഴുവൻ അപമാനിച്ചിരിക്കുകയാണ് ജോയ്സ് ജോർജ്ജ്.

ജോയ്സ് ജോർജ്ജിന്റെ അശ്ലീല പരാമർശത്തെക്കുറിച്ച് കേരളത്തിലെ സാംസ്കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയൻ ഇരിക്കാൻ പറയുമ്പോൾ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇക്കൂട്ടർ. വനിതാ കമ്മീഷന് ഈ വിഷയത്തിൽ ഒന്നും പറയാനില്ലേ ?

Read more

രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച, മുഴുവൻ സ്ത്രീകളെയും അപമാനിച്ച ജോയ്സ് ജോർജ്ജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്.