കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ് ഇതിന് പിന്നിലുള്ളത്. കെ. റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളും സര്‍ക്കാര്‍ പിന്‍വലിക്കില്ല. ആരുടെയും സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ പിന്നീട് അറച്ചുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സഭയില്‍ ചോദ്യോത്തരവേളയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രാനുമതി തത്വത്തില്‍ ലഭിച്ചപ്പോഴാണ് പദ്ധതിയുടെ നടപടി വേഗത്തിലാക്കിയത്. പദ്ധതിയുടെ ഡി.പി.ആര്‍ അപൂര്‍ണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍വേകല്ലുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഭൂമി കൈമാറ്റം ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവുമില്ല. പദ്ധതിക്കായി പഠനം നടക്കുമ്പോള്‍ തന്നെ ഭൂമി ഏറ്റെടുത്തതായി പറയുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read more
അതേസമയം, നിര്‍ദിഷ്ട കാസര്‍കോട് -തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാര നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പതു വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും. അന്തിമാനുമതിക്കു മുന്നോടിയായി, ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക്് സമര്‍പ്പിച്ചിട്ടുണ്ട്.