'ജയിലിലെ സൂപ്രണ്ടാണ് കൊടി സുനി, ഭരണാധികാരികളാണ് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്'; പിണറായിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ. സുധാകരൻ

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ അനധികൃത ഫോണ്‍വിളിയില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍.  ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് മാത്രമേ പിണറായി പ്രതികരിക്കൂ. അത് ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരിക്ക് ചേര്‍ന്ന ഗുണമല്ല. കൊടിസുനിയുടെ ഫോണ്‍രേഖ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്നും സുധാകരൻ പറഞ്ഞു.

എല്ലാം കേട്ടില്ലെന്ന ഭാവത്തോടെ പോകുന്ന അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരികളോട് ഇനി പറഞ്ഞിട്ട് കാര്യമില്ല. ഭരണാധികാരികളാണ് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്. അങ്ങനെയുള്ളവരോട് പരാതി പറഞ്ഞിട്ടെന്ത് കാര്യമെന്നും സുധാകരന്‍ ചോദിച്ചു.

ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് മാത്രമേ പിണറായി പ്രതികരിക്കൂ. അത് ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരിക്ക് ചേര്‍ന്ന ഗുണമല്ല. തടവുകാരില്‍ വേര്‍തിരിവ് പാടുണ്ടോ. സര്‍ക്കാരിന്റെ അതിഥികളായി തടവുകാരെ തീറ്റി പോറ്റുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി പറയണം. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ സുഖവാസ കേന്ദ്രമാക്കുകയാണ്. പാര്‍പ്പിക്കുന്ന ജയിലിലെ സൂപ്രണ്ടാണ് കൊടി സുനിയെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍ വിളി വിവാദത്തില്‍ സൂപ്രണ്ട് എ.ജി സുരേഷിനെതിരെ കര്‍ശന നടപടി വേണമെന്ന് ഉത്തര മേഖല ജയില്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കി. ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടി.പി കേസ് പ്രതി കൊടി സുനി എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ആയിരത്തിലേറെ വിളികള്‍ നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.