ലതികാ സുഭാഷിനോട് പാര്‍ട്ടി നീതി കാട്ടിയില്ലെന്ന് കെ. സുധാകരന്‍

ലതികാ സുഭാഷിനോട് പാർട്ടി നീതി കാണിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ലതികാ സുഭാഷിന്‍റെ പ്രതിഷേധം ന്യായമാണെന്നും തല മുണ്ഡനം ചെയ്‍തത് അതിന്റെ ഭാഗമാണെന്നും കെ സുധാകരൻ എം.പി പറഞ്ഞു. ലതികാ സുഭാഷിന്റെ പ്രതിഷേധത്തെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു.

ലതികാ സുഭാഷ് സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന അഭിപ്രായവുമായി ഒരു വിഭാഗം വനിതാനേതാക്കളും രംഗത്ത് വന്നിരുന്നു. മുണ്ഡനം ചെയ്ത മുടി വളരും പക്ഷെ പാർട്ടിക്ക് ഉണ്ടാക്കിയ അവമതിപ്പ് മാറില്ലെന്ന് ലാലി വിൻസെന്റ് അഭിപ്രായപ്പെട്ടു.

Read more

ലതിക സുഭാഷിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രീതിയിലായിരുന്നു കെ.പി.സി.സി വൈസ് പ്രസിഡന്റ് റോസകുട്ടി ടീച്ചറുടെ പ്രതികരണം. സ്ത്രീകളെ പരിഗണിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണെന്നും ഇനിയെങ്കിലും മാറി ചിന്തിക്കാൻ നേതൃത്വം തയ്യാറാവണമെന്നും റോസക്കുട്ടി ടീച്ചർ ആവശ്യപ്പെട്ടു. അതിനിടെ മുന്‍ കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോർജ്ജ് ലതികാ സുഭാഷിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.