പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

ജാമ്യം ലഭിച്ചതുകൊണ്ട് പിപി ദിവ്യ കുറ്റകൃത്യത്തില്‍ നിന്ന് മോചിതയാകുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജാമ്യം കൊടുത്തത് ദിവ്യ നിരപരാധിയായത് കൊണ്ടാണെന്ന് ആരും കരുതേണ്ട. പിപി ദിവ്യക്കെതിരായ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായ അന്വേഷണം നടക്കില്ല. പൊലീസ് അറിവോടെയാണ് ദിവ്യ ഒളിവില്‍ പോയത്. ആത്മാര്‍ത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്. മുമ്പ് പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാല്‍ ശശി ഇന്ന് അരമുഖ്യമന്ത്രിയാണെന്നും കെ സുധാകരന്‍ പരിഹസിച്ചു.

ശശിയെ പോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്നും സുധാകരന്‍ ആരോപിച്ചു. അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖംമുണ്ടെന്ന് ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ പിപി ദിവ്യ പറഞ്ഞു. പ്രതികരണം സദുദ്ദേശപരമായിരുന്നുവെന്നും വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും പിപി ദിവ്യ പറഞ്ഞു.

ജയില്‍ നിന്നും പുറത്തിറങ്ങിയ പി പി ദിവ്യയെ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും സത്യം തെളിയുമെന്നും ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബത്തെപ്പോലെ തന്നെ തന്റെയും ആഗ്രഹം അതാണ്. താനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നു. അതേസമയം തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു.