കളമശ്ശേരി സ്‌ഫോടന കേസ്; കേസ് സ്വയം വാദിക്കും, അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്ന് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍

കൊച്ചി കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെ കോടതി റിമാന്‍ഡ് ചെയ്തു. കോടതിയില്‍ പൊലീസ് പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് റിമാന്‍ഡ്. അടുത്ത മാസം 29 വരെയാണ് കേസില്‍ മാര്‍ട്ടിനെ കോടതി റിമാന്‍ഡ് ചെയ്തത്. അതേ സമയം തിരിച്ചറിയല്‍ പരേഡിന് ശേഷം പൊലീസ് ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡിയ്ക്കായി അപേക്ഷ നല്‍കും.

കേസില്‍ തനിക്ക് അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്നും പൊലീസിനെതിരെ പരാതിയില്ലെന്നും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. കേസ് താന്‍ സ്വയം വാദിക്കുമെന്നാണ് പ്രതിയുടെ നിലപാട്. പ്രതിയെ അത്താണിയിലെ ഫ്‌ളാറ്റിലും സ്‌ഫോടനം നടന്ന കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

Read more

കളമശ്ശേരിയില്‍ ഞായറാഴ്ച രാവിലെ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന സഭയില്‍ നടന്ന സ്‌ഫോടനത്തില്‍ ഇതുവരെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ആരംഭിച്ച യഹോവ സാക്ഷികളുടെ സമ്മേളനത്തിന്റെ അവസാന ദിവസമാണ് സ്‌ഫോടനം നടന്നത്. പരിപാടി നടക്കുമ്പോള്‍ ഹാളില്‍ ഏകദേശം 2500 പേര്‍ ഉണ്ടായിരുന്നു. സംഭവ ദിവസം ഉച്ചയ്ക്ക് തൃശൂര്‍ കൊടകര സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്.