കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം: മണിച്ചന്‍ ജയില്‍ മോചിതനായി, പുറത്തിറങ്ങിയത് ദുരന്തം ഉണ്ടായ അതേ ദിവസത്തില്‍!

കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി. മണിച്ചന്റെ പിഴത്തുക ഒഴിവാക്കിയ സുപ്രീംകോടതി അദ്ദേഹത്തെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം സാര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജയില്‍ നടപടികള്‍ പൂര്‍ത്തിയായ മണിച്ചന്‍ തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങി.

ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും ഉത്തരവ് ആഭ്യന്തര വകുപ്പില്‍ എത്താത്തതാണ് മോചനം നീണ്ടത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചന്‍ ജയില്‍ മോചിതനാകുന്നത്. 2000 ഒക്ടോബര്‍ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. 22 വര്‍ഷത്തിനിപ്പുറം അതേ ദിവസം തന്നെയാണ് മണിച്ചന്‍ ജയിമോചിതനായതെന്നും ശ്രദ്ധേയം.

30.45 ലക്ഷം രൂപ പിഴത്തുക കെട്ടിവയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കോടതി കഴിഞ്ഞദിവസം ഒഴിവാക്കിയത്. മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭാര്യ ഉഷ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജീവപര്യന്തം ശിക്ഷയില്‍ ഇളവുനല്‍കി മണിച്ചനെ മോചിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും, ഈ പിഴ അടയ്ക്കാത്തതിനാലാണ് മോചനം വൈകിയത്.

കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ 31 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 266 പേര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ നേരിടുകയും ചെയ്തിരുന്നു. അഞ്ച് പേര്‍ക്ക് പൂര്‍ണ്ണമായും കാഴ്ച്ച നഷ്ടപ്പെട്ടു.

Read more

മറ്റു രണ്ട് പ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടയ്ക്കാതെ ജയില്‍ മോചിതരായിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മോചനം. വിചാരണ കോടതിയുടെ ഉത്തരവുകള്‍ പ്രകാരം ഇരുവരും 8,30,000 രൂപ പിഴ അടയ്ക്കേണ്ടതായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഇരുവരും എട്ട് വര്‍ഷവും നാല് മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണെമന്നും വിചാരണ കോടതി വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിയുടെ അനൂകൂല്യത്തില്‍ ഇരുവര്‍ക്കും പിഴ അടയ്ക്കാതെ മോചനം സാധ്യമാകുക ആയിരുന്നു.