കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയ്ക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റതിന് പിന്നാലെ സംഘാടകര്‍ക്കെതിരെ നടപടിയുമായി ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും. പരിപാടി നടന്ന കലൂര്‍ സ്റ്റേഡിയത്തില്‍ ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധന നടത്തും.

മൈതാനത്ത് നൃത്ത പരിപാടിയെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സംഘാടകരായ മൃദംഗ വിഷനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ജിസിഡിഎ അറിയിച്ചു. ബ്ലാസ്റ്റേഴ്സ് അധികൃതരും ജിസിഡിഎയുടെ എന്‍ജിനീയര്‍മാരും സംയുക്തമായി മൈതാനം പരിശോധിക്കും. ബ്ലാസ്റ്റേഴ്സുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും ജിസിഡിഎ വ്യക്തമാക്കി.

മൈതാനത്തെ പുല്‍ത്തകിടിയില്‍ കാരവന്‍ കയറ്റുകയും ടച്ച് ലൈന്‍ വരെ നര്‍ത്തകിമാര്‍ നില്‍ക്കുകയും ചെയ്തിരുന്നു. ദിവ്യ ഉണ്ണി മൈതാനത്തിന്റെ നടുവിലായിരുന്നു നൃത്തം ചെയ്തത്. ഇത് മൈതാനത്തിന് കേടുപാടുണ്ടാക്കിയതായാണ് വിലയിരുത്തല്‍. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കലൂര്‍ സ്റ്റേഡിയം.

കായികേതര പരിപാടികള്‍ സ്റ്റേഡിയത്തിന് കേടുപാടുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍. ആവശ്യമെങ്കില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്ന സൂചനകള്‍ക്കിടെ കഴിഞ്ഞ ദിവസം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു.