കനകമല ഐ എസ് കേസിലെ പ്രതി ജോര്‍ജ്ജിയയില്‍ പിടിയില്‍

കനകമല ഐഎസ് റിക്രുട്ട്‌മെന്റ് കേസിലെ പിടികിട്ടാപുള്ളിയായിരുന്ന പ്രതി പിടിയില്‍. കേസിലെ പ്രധാന പ്രതി മുഹമ്മദ് പോളക്കാനിയാണ് പിടിയിലായത്. ജോര്‍ജ്ജിയയിലായിരുന്ന ഇയാളെ ഇന്ത്യയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത അല്‍ക്വയ്ദ പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്നവരോടൊപ്പം ഇയാളെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജോർജ്ജിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

കണ്ണൂര്‍ പാനൂരിലെ കനകമലയിൽ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എൻഐഎ രജിസ്റ്റർ ചെയ്തത്. ഒമ്പത് പ്രതികളാണ് എൻഐഎ കുറ്റപത്രത്തിലുള്ളത്. ഇതിൽ 7 പേർക്ക് ശിക്ഷ വിധിച്ചു. ഒരാളുടെ വിചാരണ ഇപ്പോൾ കൊച്ചിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കേസിലെ അവസാന പ്രതിയും പിടിയിലാകുന്നത്.

ആറ് പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചിരുന്നു. കേസില്‍ പ്രതിയായിരുന്ന സജീര്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടു. ഒന്നാം പ്രതി തലശ്ശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇയാളാണ് കുറ്റകൃത്യങ്ങളുടെ ബുദ്ധികേന്ദ്രമെന്ന് കോടതി കണ്ടെത്തിയത്. അവസാന ആള്‍ കൂടി പിടിക്കപ്പെട്ടതോടെ കേരളത്തില്‍ നടന്ന ഏറ്റവും പ്രധാന ഐഎസ് കേസിലെ എല്ലാവരും പിടിയിലായി.