ഡ്രൈവിംഗ് ലൈസന്‍സും പോകും; ആറുവയസ്സുകാരനെ ചവിട്ടിയ പ്രതിയ്‌ക്കെതിരെ നടപടി

കാറില്‍ ചാരിനിന്നെന്ന കാരണത്തില്‍ ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച തലശ്ശേരി സ്വദേശി മുഹമ്മദ് ശിഹ്ഷാദിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നടപടി. റദ്ദാക്കാതിരിക്കാനുളള കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കണമെന്ന് പൊന്ന്യാംപാലം സ്വദേശിയായ മുഹമ്മദ് ശിഹ്ഷാദിന് നോട്ടീസ് നല്‍കി.

എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ സി ഷീബയാണ് പ്രതിക്കെതിരായ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ മുഹമ്മദ് ശിഹ്ഷാദിനെ തടഞ്ഞ് പൊലീസിന് കൈമാറുകയായിരുന്നു.

Read more

പിന്നാലെ പൊലീസ് വിട്ടയച്ച ഇയാളുടെ അറസ്റ്റ് വെളളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയായിരുന്നു നടപടി. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനേ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നടുവിന് ചവിട്ടേറ്റ കുട്ടിയുടെ വാരിയെല്ലിന് ചതവുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.