കണ്ണൂര്‍ വി.സി നിയമനം; ആര്‍. ബിന്ദുവിന് എതിരായ ഹര്‍ജിയില്‍ ലോകായുക്ത വിധി ഇന്ന്

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവിന് എതിരായ ഹര്‍ജിയില്‍ ലോകായുക്ത ഇന്ന് വിധി പറയും. വിസി നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്നാരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ജി നല്‍കിയത്.

രാജ്ഭവനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന്റെ പേര് നിര്‍ദ്ദശിച്ചത് എന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങളെ നിഷേധിച്ച് കൊണ്ട് ഇന്നലെ രാജ്ഭവന്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുന്‍കൈ എടുത്തത് കൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് എന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഈ കുറിപ്പ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ ഇന്ന് ലോകായുക്തയില്‍ സമര്‍പ്പിക്കും.

Read more

വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശിപാര്‍ശ ഇല്ലെന്നും നിര്‍ദ്ദേശം മാത്രമാണ് ഉള്ളത് എന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു. കത്തില്‍ ഒരിടത്തും റെക്കമെന്റ് എന്നില്ല പ്രൊപ്പോസ് എന്നാണ് ഉള്ളത്. ഇത് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു. അതേ സമയം ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചിലവഴിച്ചതില്‍ മുഖ്യമന്ത്രിക്ക് എതരെയുള്ള ഹര്‍ജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.