പൈലറ്റിൻ്റെ വീഴ്ചയാണ് കരിപ്പൂർ വിമാന അപകടത്തിന് കാരണമെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനം ലാൻഡ് ചെയ്തത് ചട്ടങ്ങൾ പാലിക്കാതെയെന്ന് റിപ്പോർട്ട്. സാങ്കേതിക പിഴവും സംഭവിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണ്. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നു. എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു.
വിമാനത്തിൻ്റെ ഗതി നിശ്ചയിച്ചിരുന്ന പൈലറ്റിൻ്റെ തീരുമാനങ്ങൾ പിഴച്ചു. സമാന സാഹചര്യത്തിൽ മുൻപ് വിമാനമിറക്കിയ പൈലറ്റ് അമിത ആത്മവിശ്വാസത്തിലായിരുന്നു. മോശം കാലാവസ്ഥയിൽ വിമാനത്തിൻ്റെ വൈപ്പർ ശരിയായി പ്രവർത്തിച്ചില്ല. തെറ്റായ ലാൻഡിംഗാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. 8858 അടി നീളമുള്ള റൺവേയിൽ 4438 അടിയിൽ വിമാനം താഴെയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read more
2020 ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലോകത്തെ ഒന്നാംനിര വിമാന കമ്പനികളിലൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അത്.