2025 ലെ ചാമ്പ്യൻസ് ട്രോഫി സീസണിലെ ആദ്യ പരിശീലന സെഷനുശേഷം താൻ കണ്ണീരിൽ കുതിർന്നിരുന്നുവെന്ന് ടീം ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ വെളിപ്പെടുത്തി. ടൂർണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യാൻ കഴിയാത്തതിനാൽ കരയാൻ തുടങ്ങിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഹോം ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി അയ്യർ ചൂണ്ടിക്കാട്ടി. എന്നാൽ ദുബായിൽ ആദ്യ പരിശീലന സെഷനിൽ പൊരുത്തപ്പെടാൻ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അവസാനമായി കരഞ്ഞത് എപ്പോഴാണെന്ന് ചോദിച്ചപ്പോൾ, പഞ്ചാബ് കിംഗ്സിന്റെ (പിബികെഎസ്) ‘കാൻഡിഡ് വിത്ത് കിംഗ്സ്’ എന്ന ഷോയിൽ 30 കാരൻ പറഞ്ഞത് ഇതാ: “ഞാൻ അവസാനമായി കരഞ്ഞത് ചാമ്പ്യൻസ് ട്രോഫിയുടെ ആദ്യ പരിശീലന സെഷനിലായിരുന്നു. അക്ഷരാർത്ഥത്തിൽ കരഞ്ഞു. ഞാൻ അങ്ങനെ ഇങ്ങനെ ഒന്നും കരയുന്ന ആൾ അല്ല. പക്ഷെ അന്ന് ഒന്നും ചെയ്യാനാകാത്ത സങ്കടത്തിൽ ഞാൻ കരഞ്ഞു.”
“ഇംഗ്ലണ്ട് പരമ്പരയിൽ ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതിനാൽ ഇവിടെയും ആ ഒഴുക്ക് എല്ലാം ഉണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷേ വിക്കറ്റുകൾ അൽപ്പം വ്യത്യസ്തമായിരുന്നു. പിന്നെ ആദ്യ ദിവസം തന്നെ പിച്ചുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നു,”
2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ശ്രേയസ് അയ്യർ അവിടെ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയുടെ മുൻനിര റൺവേട്ടക്കാരനായിരുന്നു അദ്ദേഹം, അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 48.60 ശരാശരിയിൽ 243 റൺസ് നേടി.