കാസര്‍ഗോഡ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

എന്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗം സ്ഥിരീകരിച്ചു. കാട്ടുകുക്കെയിലെ കര്‍ഷകനായ മനു സെബാസ്റ്റ്യന്റെ പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു ദിവസം മുമ്പ് ഫാമിലുള്ള പന്നികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തിയത്.

ഇവിടെ ചത്ത പന്നിയെ പോസ്റ്റ്‌മോര്‍ട്ടം നടത്തി സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുകയും പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. നിലവില്‍ ഈ ഫാമില്‍ 532 പന്നികളാണുള്ളത്.

അതേസമയം, രോഗവ്യാപനം തടയുന്നതിന് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എ.കെ. രാമേന്ദ്രന്‍ അറിയിച്ചു.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എന്‍ 1 ആണ് ബാധിച്ചത്. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചാത്തമംഗലം പഞ്ചായത്തിലെ കോഴി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കോഴികള്‍ രോഗം വന്ന് ചാകുന്നത് അധികരിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. രോഗം ബാധിച്ച് 1800 കോഴികള്‍ ഇതിനോടകം ചത്തിട്ടുണ്ട്.