നികുതികൊള്ളയ്ക്ക് എതിരെ നിരത്തിലിറങ്ങും; അടിച്ചേല്‍പ്പിക്കാന്‍ സമ്മതിക്കില്ല; പ്രത്യക്ഷസമരം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്

കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ അമിത നികുതി അടിച്ചേല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ധനപ്രതിസന്ധി മറച്ചുവെക്കുകയും അതേ പ്രതിസന്ധിയുടെ പേരില്‍ ഇടത് സര്‍ക്കാര്‍ പകല്‍ക്കൊള്ള നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അശാസത്രീയ നികുതി വര്‍ധനവാണ് നടപ്പാക്കിയത്. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണ്. സര്‍ക്കാറിന്റെ നികുതിക്കൊള്ളക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് അദേഹം അറിയിച്ചു.

മദ്യത്തിന് വീണ്ടും സെസ് ഏര്‍പ്പെടുത്തുകയാണ്. 247 ശതമാനമാണ് നിലവിലെ നികുതി. മദ്യവില വര്‍ധിപ്പിക്കുന്നതിന്റെ അനന്തരഫലം കൂടുതല്‍ പേര്‍ മയക്കുമരുന്നിലേക്ക് മാറാന്‍ ഇടയാക്കും. 19 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഏറ്റവും കുറവ് നികുതി പിരിവ് നടന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരി നികുതി വരുമാനത്തിന്റെ വര്‍ധനവ് 6നും 10നും ഇടയില്‍ വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ ഇത് രണ്ടു ശതമാനം മാത്രമാണെന്നും സതീശന്‍ വ്യക്തമാക്കി.

പുതിയ ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു പ്രസക്തിയില്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അതേപോലെ നില്‍ക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതില്‍ ഒരു രൂപ പോലും ചെവഴിക്കാത്ത പ്രഖ്യാപനം ഇത്തവണ വീണ്ടും ആവര്‍ത്തിച്ചു.

Read more

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച 7500 കോടിയുടെ വയനാട്, 12,000 കോടിയുടെ ഇടുക്കി, 2500 കോടിയുടെ കുട്ടനാട്, 5000 കോടിയുടെ തീരദേശ വികസന പാക്കേജുകള്‍ എവിടെ പോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പുതിയ ബജറ്റില്‍ ഇടുക്കി പാക്കേജ് 75 കോടിയും വയനാട് പാക്കേജിന് 25 കോടിയും തീരദേശ പാക്കേജ് 125 കോടിയായി കുറഞ്ഞു. പ്രഖ്യാപിച്ച പാക്കേജുകള്‍ ഒരു കാലത്തും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു വിശ്വാസ്യതയും ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.