മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരായ യു.എ.പി.എ കേസുകൾ പിൻവലിക്കരുത്; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകൾ വിചാരണ കോടതികൾ റദ്ദാക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയിയിൽ. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേരളം നിലപാടറിയിച്ചത്. യുഎ പിഎയ്ക്ക് സിപിഎം എതിരാണെന്ന് നേതാക്കൾ നിലപാട് ആവർത്തിക്കുന്നതിനിടെയാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.

മക്ഡൊണാള്‍ഡ്, കെ എഫ് സി വില്‍പ്പന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട സംഭവത്തിലും രൂപേഷിനെതിരെ ചുമത്തിയ  യുഎപിഎ വകുപ്പുകൾ പാലക്കാട്ടെ കോടതി റദ്ദാക്കിയിരുന്നു. വളയം, കുറ്റ്യാടി കേസ്സുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയായിരുന്നു പാലക്കാട് കോടതിയുടെ നടപടി. ഇതിന് പിന്നാലെ തനിക്കെതിരായ മറ്റ് കേസുകളിലും സമാനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് മറ്റ് ചില വിചാരണ കോടതികളിളിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതുൾപ്പെടെ പരിഗണിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് ചുണ്ടിക്കാട്ടി അഗളി പൊലീസ് രജിസ്റ്റർ ചെയ്തിരുന്നതാണ് കുറ്റമുക്തനാക്കിയ പാലക്കാട്ടെ രണ്ടാമത് കേസ്. കാസർഗോഡ് സ്വദേശികളായ അരുൺ ബാലൻ, ശ്രീകാന്ത്, കണ്ണൂർ സ്വദേശികളായ ജോസ്, അഷറഫ്, കൊല്ലം സ്വദേശി രമണൻ, പത്തനംതിട്ട സ്വദേശി അനൂപ് മാത്യു ജോർജ്, മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ സി.പി.മൊയ്തീൻ, സി.പി.ഇസ്മായിൽ, മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്, ഷൈന എന്നിവരായിരുന്നു കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നത്.

ഹൈക്കോടതി വിധിക്ക് എതിരായി സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഹർജിയിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ വിചാരണ കോടതികളെ യുഎപിഎ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനം എടുക്കുന്നത് വിലക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

Read more

പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രൂപേഷിനെതിരായ യുഎപിഎ കേസുകളിൽ കേരളം ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഎം എതിരാണെന്ന് മുതിർന്ന സിപിഎം നേതാക്കൾ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും പന്തീരങ്കാവ് കേസിന് സമാനമായി ജാമ്യം നൽകേണ്ടതാണെന്ന് ഉൾപ്പെടെ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.