സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ തിടുക്കത്തിൽ നടപ്പാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. രാജ്യത്തെ കാർഷിക മേഖലയിൽ തുടരുന്ന പ്രക്ഷോഭങ്ങളിലുള്ള സംസ്ഥാനത്തിന്റെ ആശങ്കകൾ പ്രമേയം ഉയർത്തിക്കാട്ടി. കോവിഡ്-19 പകർച്ചവ്യാധികൾക്കിടയിൽ ഇത്തരമൊരു സാഹചര്യത്തിന്റെ ആഘാതം കേരളത്തിന് താങ്ങാനാവില്ല എന്നും പ്രമേയം നിരീക്ഷിച്ചു.
കാർഷിക ഉത്പന്നങ്ങൾ കേന്ദ്ര സർക്കാർ വാങ്ങുകയും ആവശ്യമുള്ളവർക്ക് ന്യായമായ വിലയ്ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനം ഉണ്ടായിരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾ കാർഷിക ഉത്പന്നങ്ങളുടെ വ്യാപാരം ഏറ്റെടുക്കാൻ കോർപ്പറേറ്റുകളെ അനുവദിക്കുന്നു. കർഷകർക്ക് ന്യായമായ വില നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രം പിന്മാറി എന്നും പിണറായി വിജയൻ പറഞ്ഞു.
കർഷകരുടെ പ്രതിഷേധം തുടരുകയാണെങ്കിൽ അത് കേരളത്തെ സാരമായി ബാധിക്കും. കാർഷിക ഉത്പന്നങ്ങൾ കേരളം പോലുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്തേക്ക് വരുന്നത് നിലയ്ക്കുകയാണെങ്കിൽ സംസ്ഥാനം പട്ടിണിയിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം വേണമെന്ന ഭേദഗതി കോണ്ഗ്രസിൽ നിന്നും കെ.സി ജോസഫ് മുന്നോട്ട് വെച്ചെങ്കിലും അതു സഭ വോട്ടിനിട്ട് തള്ളി. യു.ഡി.എഫ് – എൽ.ഡി.എഫ്, എം.എൽ.എമാരുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയായിരുന്നു. ആരും എതിർത്തു വോട്ട് ചെയ്തില്ല എന്നാണ് സ്പീക്കർ വോട്ടെടുപ്പിന് ശേഷം പറഞ്ഞത്. പ്രമേയം പാസാക്കിയ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജനുവരി എട്ടിനാണ് അടുത്ത സമ്മേളനം.