യാത്രക്കാരെ ചില്ലടിപ്പിക്കാന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍; നോണ്‍ എസി വാഹനങ്ങള്‍ ഇനി മുതല്‍ എസി ബസുകള്‍

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ചില്ലാകുന്നു. സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ എസി ഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. നിലവില്‍ സര്‍വ്വീസ് നടത്തുന്ന നോണ്‍ എസി സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് എസി ഘടിപ്പിക്കുന്നത്. ബസിന്റെ ഇന്റീരിയറില്‍ ആവശ്യമായ മാറ്റങ്ങളോടെയാണ് എയര്‍ കണ്ടീഷന്‍ ഒരുക്കുന്നത്.

എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളോടെയുള്ള ആദ്യ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് ഉടന്‍ പുറത്തിറക്കും. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. എല്ലാ യാത്രക്കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ എയര്‍ ഡക്ടുകളും ക്രമീകരിച്ചിട്ടുണ്ട്. തൃശൂര്‍ ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനമാണ് ബസില്‍ എസി ഘടിപ്പിക്കുന്നത്.

മൈലേജില്‍ വ്യത്യാസം ഉണ്ടാകാത്ത തരത്തിലാണ് ബസില്‍ എസി ഘടിപ്പിക്കുന്നത്. എഞ്ചിനുമായി നേരിട്ട് ബന്ധിപ്പിക്കാതെ നാല് ബാറ്ററിയും അതിനെ ചാര്‍ജ് ചെയ്യാനുള്ള ഓള്‍ട്ടര്‍നേറ്ററും ഉപയോഗിച്ചാണ് എസി പ്രവര്‍ത്തിക്കുന്നത്. വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഓള്‍ട്ടര്‍നേറ്റര്‍ പ്രവര്‍ത്തിച്ച് ബാറ്ററി ചാര്‍ജാകും.

വാഹനം സ്റ്റാര്‍ട്ടില്‍ അല്ലെങ്കിലും എ.സി പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പ്രത്യേകത. ഒരു ബസില്‍ എസി പിടിപ്പിക്കാന്‍ ആറ് ലക്ഷം രൂപയോളമാണ് ചെലവാകുന്നത്. എല്ലാ യാത്രക്കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ എയര്‍ ഡക്ടുകളും ക്രമീകരിച്ചിട്ടുണ്ട്. നേരത്തെ ദീര്‍ഘദൂര യാത്രകള്‍ക്ക് കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള ലോഫ്‌ളോര്‍ വോള്‍വോ ബസുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു.