കിഴക്കമ്പലത്ത് ട്വന്റി ട്വന്റി റോഡുകള്‍ നിര്‍മ്മിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച്; ബസ് സ്റ്റാന്‍ഡ് വണ്‍വേ റോഡ് പുനരുദ്ധാരണം നടപ്പിലാക്കിയതും കരാറിന് വിരുദ്ധമായി

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ബി.എം.ബി.സി രീതിയില്‍ റോഡുകള്‍ പണി കഴിപ്പിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്.  അഞ്ച് റോഡുകളുടെ നിര്‍മ്മാണത്തിൽ കരാര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടന്നാണ് കണ്ടെത്തൽ. അസിസ്റ്റന്റ് എന്‍ജിനീയറുടെയോ ഓവര്‍സീയറുടെയോ മേല്‍നോട്ടമില്ലാതെയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിന് ട്വന്‍റി ട്വന്‍റി സംഘടന കൂട്ടു നിന്നെന്നുമാണ് വിവരം.

Read more

മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കരാറുകാരന്റെ ബില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തടഞ്ഞു വെച്ചിരിക്കുകയാണ്.  പണി പൂര്‍ത്തിയായിട്ടും തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കരാറുകാര്‍ പൊതുമരാമത്ത് വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നടന്ന വിശദമായ അന്വേഷണത്തിലാണ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയത്.

അപാകതയെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും പഞ്ചായത്ത് തയ്യാറായിരുന്നില്ല. കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ്  വണ്‍വേ റോഡ് പുനരുദ്ധാരണം നടപ്പിലാക്കിയതും കരാറിന് വിരുദ്ധമായാണ്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെയാണ് ബസ് സ്റ്റാന്റ് പൊളിച്ചു മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.